അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്

  • Home-FINAL
  • Kerala
  • അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്

അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്


തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാൾ കുറവാണ് കേരളത്തിന്റേത്. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അഭിമാനം. സന്തോഷം. കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശു മരണ നിരക്ക് 5.6 ആണ്. അതായത് യു എസിന്റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശു മരണ നിരക്ക് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് ആണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്. രാജ്യത്ത് ഗ്രാമീണ നഗര മേഖലകളിൽ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ട് . രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയിൽ 28ഉം നഗര മേഖലയിൽ 19 തുമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാൻ കഴിഞ്ഞു. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങൾ (ഹെൽത്ത് കെയർ ആക്സിസിബിലിറ്റി ) ജനങ്ങൾക്ക് പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും പൊതുജനാരോഗ്യപ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുന്നതിനും അക്ഷീണം പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി

Leave A Comment