കൊച്ചി: ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രണയവിവാഹമാണ്. വാർത്ത പുറത്തു വന്നയുടനെ ദമ്പതികൾക്ക് ആശംസാപ്രവാഹമാണ്.
2016 ൽ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ‘തമാശ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹലാൽ ലൗ സ്റ്റോറി’, ‘അപ്പൻ’ തുടങ്ങിയ സിനിമകളിലൂടെ തന്റെ സാന്നിധ്യമുറപ്പിച്ചു. കഴിഞ്ഞ ആറു വർഷങ്ങളായി മ്യൂസിക് അറേഞ്ചറും പ്രോഗ്രാമറുമായി മലയാള സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഗീതഞ്ജനാണ് എബി. അൽഫോൻസ് ജോസഫ്, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ, ദീപക് ദേവ്, അഫ്സൽ യൂസഫ്, ബെന്നറ്റ് വീറ്റ്റാഗ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ നൂറിൽപരം സിനിമകളിൽ സംഗീതവിഭാഗത്തിന്റെ ഭാഗമായി അറേഞ്ചറും പ്രോഗ്രാമറും ആയി പ്രവർത്തിച്ചു.

