കൊച്ചി: റാപ്പർ വേടനെ (ഹിരൺദാസ് മുരളി) സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം രംഗത്ത്. വേടന്റെ സഹോദരനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷിൽ വേടനും കോടതിയിൽ വാദിച്ചിരുന്നു.
അതേസമയം, വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിയാണ് പരാതിക്കാരി.
മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10ന് വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ വേടൻ തള്ളിയതായാണ് വിവരം. കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങളെ കാണുമെന്നും വേടൻ നേരത്തെ വ്യക്തമാക്കി.

