മുംബൈ: തോക്കും 40 തിരകളും തട്ടിയെടുത്ത കേസിൽ സീനിയർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അഗ്നിവീറിനെയും സഹോദരനെയും തെലങ്കാനയിൽനിന്നു മുംബൈ പൊലീസ് പിടികൂടി. കൊളാബ നാവിക സേനാ മേഖലയിൽ വച്ചാണ് ജൂനിയർ നാവികനിൽനിന്നു വെടിയുണ്ടകൾ തട്ടിയെടുത്തത്. നാവികസേനയിൽ അഗ്നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരൻ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പിടിയിലായത്.
ശനിയാഴ്ച രാത്രി സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള ന്യൂ നേവി നഗറിലെ സേനാ ക്വാർട്ടേഴ്സിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽനിന്നു തോക്കും തിരകളും തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂനിയർ നാവികന്റെ ഡ്യൂട്ടി സമയം അവസാനിക്കുന്ന നേരത്ത് എത്തിയ രാകേഷ് താൻ സുരക്ഷാ ഡ്യൂട്ടി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചാണു തോക്ക് വാങ്ങിയത്. കുറച്ചുനേരത്തിനു ശേഷം തോക്കും തിരകളും ബാഗിലാക്കിയ രാകേഷ് സമീപത്തെ മതിലിനടുത്തെത്തി ബാഗ് പുറത്തേക്കെറിഞ്ഞു. നേരത്തേ പറഞ്ഞു വച്ചിരുന്നതനുസരിച്ച് അവിടെ കാത്തുനിന്നിരുന്ന സഹോദരൻ ഉമേഷ് അതു കൈവശപ്പെടുത്തി.
തുടർന്ന് നാവികസേനാ മേഖലയിൽനിന്നു കടന്നുകളഞ്ഞ ഇരുവരും കുർള എൽടിടി സ്റ്റേഷനിൽനിന്നു തെലങ്കാനയിലേക്കു ട്രെയിൻ കയറുകയായിരുന്നു. രാകേഷ് നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്നു. തോക്കും തിരകളും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുകയാണ്. ഇവരെ
മുംബൈയിലെ ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യും.

