ന്യൂഡൽഹി: തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം വരുന്നു. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്. കൊച്ചിയിൽ കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു. പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിനും കോഴിക്കോടിനും പുറമേ തിരുച്ചിറപ്പള്ളി, അമൃത്സർ, ലഖ്നൗ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ- ടിടിപി) നടപ്പാക്കും. 2024 ജൂലായിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംവിധാനം ആദ്യം തുടങ്ങിയത്. പിന്നീട് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും കഴിഞ്ഞ സെപ്റ്റംബറിൽ നടപ്പാക്കി.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് പുറമെ തിരുച്ചിറപ്പള്ളി, അമൃത്സർ, ലക്നൗ വിമാനത്താവങ്ങളിലും അതിവേഗ എമിഗ്രേഷൻ സംവിധാനം വ്യാഴാഴ്ച തുടങ്ങും. കഴിഞ്ഞ വർഷം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പദ്ധതി ആദ്യമായി തുടങ്ങിയത്. തുടർന്ന് മുംബയ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചു. കൊച്ചി വിമാനത്താവളത്തിലും കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ സംവിധാനമുണ്ട്. വിദേശയാത്രക്കാർക്ക് ഇ-ഗേറ്റ് വഴി അതിവേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. യുഎസിലെ ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് സമാനമാണ് ഇന്ത്യയിൽ നടപ്പാക്കുന്ന എഫ്ടിഐ- ടിടിപി. ഇത് രാജ്യത്ത് 21 വിമാനത്താവളങ്ങളിലും പദ്ധതി അധികം വൈകാതെ നടപ്പാക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം
ഇതിനായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെത്തി എഫ്.ടി.ഐ-ടി.ടി.പി ഓപ്ഷൻ തിരഞ്ഞെടുത്ത് ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ നൽകി പ്രൊഫൈൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പാസ്പോർട്ട് വിവരങ്ങൾ, വിലാസം, യാത്രാ വിവരങ്ങൾ തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണം. അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ സ്കാൻ ചെയ്ത കോപ്പി, അഡ്രസ് തെളിയിക്കാനുള്ള രേഖകൾ എന്നിവയും സമർപ്പിക്കണം. തുടർന്ന് ഇ-മെയിൽ, എസ്.എം.എസ് വഴി ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. അപേക്ഷക്ക് അംഗീകാരം ലഭിക്കാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.
ആദ്യഘട്ട അനുമതി ലഭിച്ചാൽ അപേക്ഷകർക്ക് വിരലടയാളം, മുഖചിത്രം പോലുള്ള ബയോമെട്രിക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി വിമാനത്താവളത്തിലെ സംവിധാനമോ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുകളോ ഉപയോഗിക്കാവുന്നതാണ്. ഈ ഘട്ടവും കഴിഞ്ഞ് കൺഫർമേഷനും കൂടി ലഭിച്ചാൽ വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ കഴിയും. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ഇതിനുള്ളിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ എഫ്.ടി.ഐ-ടി.ടി.പി രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്.

