തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടത് 16 പേർക്ക്. ഇതുവരെയുള്ള കണക്കനുസരിച്ചു കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മലിനജലത്തിൽ കുളിക്കുന്നവർക്കാണു രോഗം വരുന്നതെന്നായിരുന്നു കണക്കുക്കൂട്ടലെങ്കിലും കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. തിരുവനന്തപുരം ജില്ലയിൽ മാത്രം 2 വർഷത്തിനിടെ 51 പേർക്ക്ണു രോഗം ബാധിച്ചത്. ഇതിൽ 6 പേർ മരിച്ചു.
രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 24 ശതമാനമായി നിയന്ത്രിച്ചതു നേട്ടമെന്നാണു സർക്കാർ പറയുന്നതെങ്കിലും പ്രതിരോധം കൃത്യമല്ലെന്നാണ് വിമർശനം. രോഗപ്രതിരോധത്തിലാണു വിജയിക്കേണ്ടതെന്നാണു വിദഗ്ധർ പറയുന്നത്. അമീബ ശരീരത്തിൽ എത്താതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന വിശദ മാർഗനിർദേശം തയാറാക്കണം. ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്.
കിണറുകൾപോലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്താൽ അത് ആവാസവ്യവസ്ഥയെ ബാധിക്കും. കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

