ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതി. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്തയാണ് പരാതിക്കാരൻ.
വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
ബീഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം.

