തിരുവനന്തപുരം: 1995ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്നും അന്നത്തെ സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതു പ്രകാരമാണ് പൊലീസിനെ അയയ്ക്കേണ്ടിവന്നതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി.
കഴിഞ്ഞ 21 വർഷമായി തനിക്കെതിരെ എൽഡിഎഫ് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മറുപടി പറയാമെന്നാണു കരുതിയിരുന്നതെന്നും ആന്റണി പറഞ്ഞു. എന്നാൽ ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ പ്രതികരിക്കാൻ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നു തോന്നി. ഇന്നലെയും എനിക്കെതിരെ വിമർശനങ്ങൾ ഉണ്ടായി. തനിക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന് ശിവഗിരിയിലെ പൊലീസ് നടപടി സംബന്ധിച്ചാണ്. ചെറുപ്പം മുതൽ ഏറ്റവും ആദരിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. ശിവഗിരിയിൽ പല തവണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
തന്നെക്കുറിച്ചും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെക്കുറിച്ചും ഏകപക്ഷീയമായി നിരവധി ആക്രമണം നടന്നു. ഇലക്ഷന് ശേഷം മറുപടി നൽകണമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ അത്ര വൈകേണ്ടെന്ന് തോന്നി. എൽഡിഎഫ് തന്റെ ഭരണകാലത്തെക്കുറിച്ച് കാലങ്ങളായി ആരോപിക്കുന്ന ചില കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു.
കുട്ടിക്കാലം മുതൽ താൻ ഏറ്റവും ആദരിച്ചിരുന്നത് ശ്രീനാരായണ ഗുരുദേവനെയാണെന്ന് എ കെ ആന്റണി പറഞ്ഞു. ചേർത്തല ഹൈസ്കൂളിൽ പഠിക്കുമ്പോൾ രണ്ട് പ്രാവശ്യം ഗുരുദേവ മഹാസമിതി ആചരണ കമ്മിറ്റി സെക്രട്ടറിയായി. ഗുരുസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദരവോടെയാണ് പ്രവർത്തിച്ചത് . ശിവഗിരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്ന സമയങ്ങളിലെല്ലാം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.1995ൽ കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ തനിക്ക് അയക്കേണ്ടിവന്നു. അവിടെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമായിരുന്നു. ശിവഗിരിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് പോയത്. എതിർക്കുന്നവർ അന്ന് പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി സംഭവത്തിന് പുറമേ മുത്തങ്ങ, മാറാട് സംഭവങ്ങളിലും അദ്ദേഹം മറുപടി നൽകി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേൾക്കേണ്ടി വന്നു. മുത്തങ്ങ സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതമാണ്. ആദിവാസികൾ അവിടെ കുടിൽ കെട്ടിയപ്പോൾ പാർട്ടികളും മാദ്ധ്യമങ്ങളും അവരെ ഇറക്കിവിടാൻ പറഞ്ഞു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ താക്കീതിന് പിന്നാലെയാണ് താൻ നടപടിയെടുത്തതെന്നും ആന്റണി പറഞ്ഞു.

