കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്‌ട്രേഷൻ നടത്തുന്നു. കസ്റ്റംസാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മലയാള നടന്മാർ ഉൾപ്പെടെ സമൂഹത്തിലെ ഉയർന്ന നിലയിലുള്ളവർ ഇങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മിഷണർ ടി.ടിജു വ്യക്തമാക്കി. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയില്ലെന്നും കസ്റ്റംസ് കമ്മിഷണർ വ്യക്തമാക്കി. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ വെളിപ്പെടുത്തുന്നതിനിടെ ഫോൺ വന്നതിനെ തുടർന്ന് കമ്മിഷണർ വാർത്താസമ്മേളനം നിറുത്തി.
ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകൾ ചമച്ചും എംപരിവഹൻ വെബ്‌സൈറ്റിൽ കൃത്രിമം നടത്തി. ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 36 എണ്ണം ഇന്ന് സംസ്ഥാനമൊട്ടാകെ 30ലേറെ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കസ്റ്റംസ് പിടികൂടി. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല. വിദേശത്ത് മൂന്നു വർഷമെങ്കിലും ഉപയോഗിച്ച സ്വന്തം വാഹനം മാത്രമേ നികുതി അടച്ച് കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. അത് നിയമവിരുദ്ധമാണ്. അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും കമ്മിഷണർ പറഞ്ഞു.

