ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി മന്ത്രിസഭാ അംഗീകാരം

  • Home-FINAL
  • Kerala
  • ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി മന്ത്രിസഭാ അംഗീകാരം

ഹൈക്കോടതി എറണാകുളത്തു നിന്ന് കളമശേരിയിലേക്ക് 27 ഏക്കറിൽ ‘ജുഡീഷ്യൽ സിറ്റി മന്ത്രിസഭാ അംഗീകാരം


കൊച്ചി: എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി കളമശേരിയിലേക്ക്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിന് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമാണിത്. ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി.രാജീവ്, ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ കളമശേരിയിലെ സ്ഥലം സന്ദർശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.

ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാന ടവറിൽ 7 നിലകളും മറ്റു രണ്ടു ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, റജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്‌മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെന്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1,000 കോടിയിൽപ്പരം രൂപയാണ ്‌ചെലവ് വരുന്നത്.

Leave A Comment