‘ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടുന്നതിനാൽ റിസ്‌ക്ക്, സുമയ്യയുടെ ജീവിതം ; പുറത്തെടുക്കുന്നത് റിസ്‌ക്, ഗൈഡ് വയറുമായി സുമയ്യ ജീവിക്കേണ്ടിവരും’

  • Home-FINAL
  • Kerala
  • ‘ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടുന്നതിനാൽ റിസ്‌ക്ക്, സുമയ്യയുടെ ജീവിതം ; പുറത്തെടുക്കുന്നത് റിസ്‌ക്, ഗൈഡ് വയറുമായി സുമയ്യ ജീവിക്കേണ്ടിവരും’

‘ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടുന്നതിനാൽ റിസ്‌ക്ക്, സുമയ്യയുടെ ജീവിതം ; പുറത്തെടുക്കുന്നത് റിസ്‌ക്, ഗൈഡ് വയറുമായി സുമയ്യ ജീവിക്കേണ്ടിവരും’


തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ നെഞ്ചിനുള്ളിൽ കുടുങ്ങിയ അതേ ഗൈഡ് വയറുമായി തന്നെ കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) കഴിയേണ്ടി വരുമെന്ന് സൂചന. ഈ കാര്യം പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലാണിത്. ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ‘റിസ്‌ക്’ ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടിൽ സുമയ്യ ഉറച്ചുനിന്നാൽ വിദഗ്ധ ഡോക്ടർമാർ കൂടിയാലോചിച്ച് തുടർചികിത്സ നിശ്ചയിക്കും.

അതേസമയം, ഗൈഡ് വയർ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടർചികിത്സയുടെ ഉൾപ്പെടെ പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരൻ സബീർ പറഞ്ഞു. ചികിത്സാപിഴവിന് നഷ്ടപരിഹാരം നൽകണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടർ ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റക്കാർ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീർ പറഞ്ഞു.

2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. 2025 ഏപ്രിലിൽ എക്സ്റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.

Leave A Comment