ബഹ്‌റൈനില്‍ ഇന്ന് (സെപ്റ്റംബർ 27) സൗജന്യ ബസ് ടൂർ സംഘടിപ്പിക്കുന്നു. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബിടിഇഎ) സംഘടിപ്പിക്കുന്ന ഈ പ്രത്യേക യാത്ര ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുക.
ബഹ്‌റൈനിലെ പ്രധാനപ്പെട്ട ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളിലൂടെയാണ് പര്യടനം. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, ബഹ്‌റൈൻ അതോറിറ്റി ഫോർ കള്‍ച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക), ദേശീയ പൗരത്വ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ‘ബഹ്‌റൈനൂന’ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ടൂർ ഒരുക്കിയിരിക്കുന്നത്.ബഹ്‌റൈൻ നാഷണല്‍ മ്യൂസിയത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ ബാബ് അല്‍ ബഹ്‌റൈൻ, കനൂ മ്യൂസിയം എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളിലേക്കുള്ള സന്ദർശനം ഉള്‍പ്പെടും. രാജ്യത്തിന്റെ സമ്ബന്നമായ ചരിത്രവും സാംസ്‌കാരിക സ്വത്വവും പ്രദർശിപ്പിക്കുന്ന ബഹ്‌റൈൻ നാഷണല്‍ മ്യൂസിയം ഗാലറി സന്ദർശനത്തോടെ ടൂർ അവസാനിക്കും.

