ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക്കേസിൽ നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികൾ ഉപേക്ഷിച്ചത് തണ്ണീർമുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യൻ മൊഴി നൽകി. സെബാസ്റ്റ്യനെ തണ്ണീർമുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടത്തും.
കൊലപാതകശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കുഴിച്ചിട്ടു. ശേഷം അസ്ഥിക്കഷണങ്ങൾ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീർമുക്കം ബണ്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രമാണ് തണ്ണീർമുക്കം ബണ്ടിലേക്ക് ഉള്ളത്. മറ്റിടങ്ങിൽ അസ്ഥി കൊണ്ടിട്ടിട്ടുണ്ടോയെന്നും വ്യക്തതയില്ല. ജെയ്നമ്മ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ബിന്ദു തിരോധാനക്കേസിൽ സെബാസ്റ്റ്യന്റെ അറസ്റ്റ് ജയിലിൽ എത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

