കോട്ട (രാജസ്ഥാൻ): അപ്പാർട്ട്‌മെന്റിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചുണ്ടായ പുകയിൽ ശ്വാസംമുട്ടി ടി.വി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സോണിയിൽ സംപ്രേക്ഷണം ചെയ്ത ശ്രീമദ് രാമായണം പുരാണ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമായിരുന്നു വീർ.
കോച്ചിംഗ് സെന്ററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലായിരുന്നു. സ്വീകരണമുറിയിൽ തീ പടർന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്പി തേജേശ്വനി ഗൗതം പറഞ്ഞു.

