ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്ക്കെതിരേ പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ എന്ന് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂർവം വൈകിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നാമക്കലിൽ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. ഇത് കൂടുതൽ ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ കാരണമായി എന്നും പറയുന്നു. വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടിന്റെ മുകളിലും കയറിയിരുന്നു. മരച്ചില്ലകൾ പൊട്ടിയതും അങ്ങനെയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
വിജയെ കൂടാതെ എൻ. ആനന്ദ്, സീതി നിർമൽകുമാർ, മതിയഴകൻ എന്നിവരുടെ പേരുകളാണ് എഫ്ഐആറിലുളളത്. ഇവർക്ക് സമൻസ് അയക്കുമെന്നാണ് വിവരം. തമിഴ്‌നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പോരാണ് മരിച്ചത്.

