അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കി, ചോദ്യം ചെയ്യുന്നു

  • Home-FINAL
  • Kerala
  • അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കി, ചോദ്യം ചെയ്യുന്നു

അതുല്യയുടെ മരണം: ഭർത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കി, ചോദ്യം ചെയ്യുന്നു


കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാർജയിൽ മരിച്ച കേസിൽ പ്രതിയായ ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കി. പ്രതിയായ സതീഷ് ശങ്കർ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായതിനെ തുടർന്ന് ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈൽഫോൺ അടക്കം പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം സതീഷിനെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.

അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊലക്കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെയാണ് സതീഷ് ഷാർജയിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

മരണത്തിനു പിന്നാലെ ഭർത്താവ് സതീഷിന് എതിരെ പരാതിയുമായി അതുല്യയുടെ കുടുംബമാണ് രംഗത്തെത്തിയത്. സതീഷിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ വീട്ടുകാർ പറയുന്നത്. മരിക്കുന്നതിനു മുൻപ് അതുല്യ കുടുംബത്തിനു പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വിഡിയോകളും അയച്ചു നൽകിയിരുന്നു. കൊടുംക്രൂരതയാണ് സതീഷ്, അതുല്യക്ക് നേരെ നടത്തുന്നതെന്ന് വിവിധ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷാർജയിലെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഷാർജയിൽ ജോലി ചെയ്യുകയാണ് അതുല്യ. 10 വയസ്സായ മകൾ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പം നാട്ടിലാണ് താമസിച്ചിരുന്നത്.

Leave A Comment