ന്യൂഡൽഹി: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രമുള്ള ഉൾപ്പെടുത്തിയ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയെ ഉൾപ്പെടുത്തുന്നത്. പ്രത്യേക സ്റ്റാംപും പുറത്തിറക്കി. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണ് പതിച്ചിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ഇടംപിടിക്കുന്നത് അഭിമാനമാണെന്ന് മോദി പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

