മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025: ഓണാഘോഷത്തിന് മധുരമേറിയ പായസ മത്സരം,കേരളത്തനിമ വിളിച്ചോതിയ മലയാളി മങ്ക മത്സരം എന്നിവ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മെഗാമാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി എം സി ശ്രാവണ മഹോത്സവം 2025 –ൻ്റെ ഭാഗമായി പായസ മത്സരം, മലയാളി മങ്ക മത്സരം എന്നിവ സംഘടിപ്പിച്ചു. ബി എം സി ഓഡിറ്റോറിയങ്ങളിൽ നടന്ന മത്സരങ്ങളിൽ നിരവധി മത്സരാർത്ഥികളാണ് പങ്കെടുത്തത്.മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതമാശംസിക്കുകയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു.

പായസ മത്സരം ജനറൽ കൺവീനർ ശിവാംബിക,ജോയിൻ കൺവീനർമാരായ ലിസി മേരി ,ആതിര പ്രശാന്ത് , മലയാളി മങ്ക മത്സരം ജനറൽ കൺവീനർ സുനീഷ് , ജോയിൻ കൺവീനർമാരായ മായാ അച്ചു, ആൻസി മേരി എന്നിവരുടെ മഹത്തായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ മത്സരങ്ങളുടെ വിജയം എന്നും ,ബഹ്‌റൈൻ മീഡിയാ സിറ്റി മിസിസ് ഇന്ത്യ ബഹ്‌റൈൻ മത്സരം നടത്താൻ ആലോചിക്കുന്നുവെന്നും ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ഒത്തുകൂടലിന്റെയും സന്തോഷത്തിന്റെയും മാതൃകാപരമായി ആഘോഷങ്ങൾക്കായി ഇനിയും നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മുഖ്യ അതിഥിയായി ആൽബാർക് ഇലക്ടരിക്കൽ ഗ്രൂപ്പ് ചെയർപേഴ്സൺ തനിമ ചക്രവർത്തി ,വിശിഷ്ടാതിഥികളായി അൽമറായി ജനറൽ മാനേജർ കൃഷ്ണകുമാർ നായർ, സൂപ്പർ ഫുഡ്സിൽ നിന്നുള്ള എബ്രഹാം സി എസ് എന്നിവർ പങ്കെടുത്തു. തനിമ ചക്രവർത്തി, എബ്രഹാം സി എസ് ,കൃഷ്ണകുമാർ നായർ , ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിപിൻ വർഗീസ്എന്നിവർ ബഹ്‌റൈൻ മീഡിയ സിറ്റിക്ക് എല്ലാവിധ ആശംസകളും മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏവർക്കും വിജയാശംസകളും നൽകി സംസാരിച്ചു.

പഴമയുടെ കൂട്ടുകൾ കൊണ്ട് വേറിട്ട ശൈലിയിൽ മനോഹരമായി അലങ്കരിച്ച് തയാറാക്കിയ വിവിധ തരം പായസങ്ങളുടെ കലവറയായിരുന്നു ബി എം സിയുടെ പായസ മത്സരവേദി. പേരിൽ തന്നെ പുതുതലമുറ ടച്ചുള്ള വേറെയും പായസങ്ങൾ മത്സര വേദിയിൽ നിറഞ്ഞു . 9 ടീമുകൾ മത്സരിച്ച പായസം മത്സരത്തിൽ ഒന്നാം സ്ഥാനം അമ്പിളി ഇബ്രാഹിം , രണ്ടാം സ്ഥാനം റിൻഷി ശ്യാം,മൂന്നാം സ്ഥാനം ശ്യാമ ജീവൻ, രാജേഷ് പി എന്നിവരും പങ്കിട്ടു’ഓണക്കാലത്തിന്‍റെ ആവേശം വിളിച്ചോതുന്നതായിരുന്നു 12 ടീമുകൾ മാറ്റുരച്ച മലയാളി മങ്ക മത്സരം എന്ന് നിസംശയം പറയാം .കേരളത്തനിമയാർന്ന പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയ മത്സരാർത്ഥികളിൽ മലയാളി മങ്കയായി ഒന്നാം സമ്മാനം നേടിയത് ലിഷ , രണ്ടാം സ്ഥാനം ആരാധന രാജീവ് , മൂന്നാം സ്ഥാനം അമ്പിളി ഇബ്രാഹിം , ഹയാ ഫാത്തിമ എന്നിവരും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും,സർട്ടിഫിക്കറ്റ് അടങ്ങുന്ന സമ്മാനങ്ങളും ഇരു മത്സരങ്ങളിലും പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.പായസം മത്സരത്തിന്റെ വിധികർത്താക്കളായി എത്തിയ പ്രശസ്ത പാചകവിദഗ്ധൻ യുകെ ബാലൻ, രതീഷ് ഉണ്ണി ,സിജി ബിനു,മലയാളി മങ്ക മത്സരത്തിന്റെ ജഡ്ജസ്സായി എത്തിയ ബെറ്റ്സീന ,സന്ധ്യാ ഗിരിഷ് , ബ്ലെയ്സി ബിജോയ് എന്നിവരെ ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു.കൂടാതെ അതിഥികളായി പങ്കെടുത്ത തനിമ ചക്രവർത്തി, കൃഷ്ണകുമാർ നായർ എബ്രഹാം സി എസ് എന്നിവരെ ഫ്രാൻസിസ് കൈതാരത്ത് , സുധീർ തിരുനിലത്ത് എന്നിവർ മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

ശ്രാവണ മഹോത്സവം 2025 സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവിനെ പായസം മത്സരം കൺവീനർമാർ സ്നേഹോപഹാരം നൽകി ചടങ്ങിൽ ആദരിക്കുകയും ചെയ്തു. കൂടാതെ ഇരു മത്സരങ്ങളുടെയും ചുക്കാൻ പിടിച്ച ജനറൽ കൺവീനർമാരെയും ജോയിൻ കൺവീനർമാരെയും പൊന്നാട അണിയിച്ച് വേദിയിൽ ആദരിച്ചു. എല്ലാ മത്സരങ്ങൾക്കും പിന്തുണ നൽകി പ്രവർത്തിക്കുന്ന സുനി ടീച്ചറിനും, പരിപാടി മനോഹരമായ അവതരിപ്പിച്ച രാജേഷ് പെരുങ്ങുഴി പ്രിയംവദ എന്നിവർക്കും ,പരിപാടിയിൽ നിരവധി കലാപരിപാടികൾ അവതരിപ്പിച്ച ഏവർക്കും ബഹ്‌റൈൻൻ മീഡിയ സിറ്റി സ്നേഹോപഹാരം നൽകി . അതോടൊപ്പം തന്നെ കാരുണ്യതീരം കൂട്ടായ്മയിലെ അപകടം സംഭവിച്ചു ദുരിതത്തിലായ അംഗങ്ങൾക്ക് കാരുണ്യതീരം ഭരണസമിതി അംഗങ്ങളുടെ ധനസഹായം കാരുണ്യ തീരം നേതാക്കൾ നൽകുകയും, കൂടാതെ ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ചാരിറ്റി ഫണ്ടിൽ നിന്നുള്ള ധനസഹായം അംഗങ്ങൾക്ക് ഫ്രാൻസിസ് കൈതാരത്തും സുധീർ തിരുനിലത്തും ചേർന്ന് കൈമാറുകയും ചെയ്തു.ശ്രാവണ മഹോത്സവം 2025 ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, അൻവർ നിലമ്പൂർ,ജേക്കബ് തെക്കും തോട്,ഹുസൈൻ പിടി, സലിം നമ്പ്ര , ഷാജി ആലക്കൽ,രത്നകുമാർ പാളയത്ത് തുടങ്ങിയവരും മറ്റ് സംഘാടകസമിതി അംഗങ്ങളും,ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് സുനീഷ് നന്ദി രേഖപ്പെടുത്തി.

