ന്യൂഡൽഹി: ട്രെയിൻ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാ തീയതി മാറുമ്പോൾ അത് കാൻസൽ ചെയ്യുമ്പോൾ നല്ലൊരു തുക നഷ്ടപ്പെടുന്ന രീതിയ്ക്ക് മാറ്റം വരുന്നു. അടുത്ത വർഷം ആദ്യം മുതലാണ് മാറ്റം വരുത്തുന്നത്. പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്നതാണ് പുതിയ രീതി. ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയിലെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാൽ ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി തന്നെ തീയതിയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ തീയതി മാറ്റുന്നതുകൊണ്ട് ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പിക്കാൻ പുതിയതായി ബുക്കിംഗ് മാറ്റുന്ന തീയതിയിലെ ട്രെയിനിലെ ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് മാത്രം. ഇപ്പോഴത്തെ ക്യാൻസലേഷൻ നിയമം അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ കൂടുതലാണ്. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് പണം തിരികെ ലഭിക്കാറില്ല.

