കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നതായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണം കാണാതായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. ബോർഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണമെന്നും ഡി.ജി.പിയുടെ നിർദേശത്തിൽ അടിസ്ഥാനത്തിലാകണം എസ്.ഐ.ടി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങണം.
ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്നും അന്വേഷിക്കണം. പ്രത്യേക കേസുകൾ റജിസ്റ്റർ ചെയ്യണോ എന്ന് അന്വേഷണം നടത്തി സ്വീകരിക്കണം.
ചെന്നൈയിലെത്തിച്ച ചെമ്പുപാളികളിൽ സ്വർണത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഇതിൽ വീണ്ടും സ്വർണം പൂശാൻ സാധിക്കില്ലെന്ന് സ്മാർട് ക്രിയേഷൻസ് അറിയിച്ചിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റി നിർബന്ധിച്ചു. ഇതിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. തുടർന്ന് ചെമ്പുപാളികൾ വീണ്ടും സ്വർണം പൂശിയെന്നും ബാക്കിയായി കൈമാറിയ 474.9 ഗ്രാം സ്വർണത്തിന്റെ കാര്യം അന്വേഷിക്കണമെന്നുമുള്ള വിജിലൻസ് ഓഫിസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്വർണപ്പാളി വിവാദം അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

