”ജാംഗോ ഞാൻ പെട്ട്‌”; സി.സി.ടി.വിയിലെ കള്ളന് വീട്ടിലെത്തി മീശമാധവൻ പുരസ്‌കാരം നൽകി കടയുടമ

  • Home-FINAL
  • Kerala
  • ”ജാംഗോ ഞാൻ പെട്ട്‌”; സി.സി.ടി.വിയിലെ കള്ളന് വീട്ടിലെത്തി മീശമാധവൻ പുരസ്‌കാരം നൽകി കടയുടമ

”ജാംഗോ ഞാൻ പെട്ട്‌”; സി.സി.ടി.വിയിലെ കള്ളന് വീട്ടിലെത്തി മീശമാധവൻ പുരസ്‌കാരം നൽകി കടയുടമ


തിരുവനന്തപുരം: തിരക്കുള്ള കടയിൽനിന്ന് സൂത്രത്തിൽ സാധനങ്ങൾ അടിച്ചുമാറ്റിയ മോഷ്ടാവിന് ‘മീശമാധവൻ’ പുരസ്‌കാരം നൽകി കടയുടമയുടെ ആദരം. ആളുള്ള കടയിൽ നിന്ന് ഇത്രയും വിദഗ്ദ്ധമായി മോഷ്ടിക്കുന്നയാളിന്റെ കഴിവിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ് കടയ്ക്കാവൂരിലെ ബേക്കറി ഉടമ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവാണ് സാധനങ്ങൾ നോക്കുന്നതിനിടെ 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാൾ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയിൽ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങൾ കണ്ടത്. പൊലീസിൽ അറിയിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഒരിക്കലും മറക്കാത്ത ഒരു സമ്മാനം മോഷ്ടാവിന് നൽകാമെന്ന ചിന്ത വന്നത്. സിസിടിവിയിൽനിന്നു കിട്ടിയ ചിത്രം പതിപ്പിച്ച് ഒരു ഫലകം തയാറാക്കി.

ഒരു പൊന്നാടയും വാങ്ങി. രാവിലെ തന്നെ ഭാര്യയെ ഒപ്പം കൂട്ടി യുവാവിന്റെ വീട് തേടിപ്പിടിച്ച് അവിടെ എത്തി. യുവാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും എടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിപ്പോയെന്ന് യുവാവ് പറയുന്നതും അത് സാരമില്ലെന്ന് ഉടമ മറുപടി പറയുന്നതും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. ഏതായാലും വീഡിയോയ്ക്ക് വലിയ റീച്ചാണ് കിട്ടിയത്.

Leave A Comment