കോഴിക്കോട്: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം ഡിസ്ചാർജായി മടങ്ങിയത്. ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ പരിശോധനയുണ്ട്. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞാണ് മടക്കം.
പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റതായും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ലാക്സഭാ സ്പീക്കർക്കും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
പേരാമ്പ്ര സികെജി ഗവൺമെൻറ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർ സംഘർഷങ്ങളാണ് മർദനത്തിൽ കലാശിച്ചത്. യുഡിഎഫ്- സിപിഐഎം പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉടലെടുക്കുകയും പിന്നാലെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎസ്പി ഉൾപ്പെടെ പൊലീസുകാർക്കും പരിക്കേറ്റത്.

