കുന്നംകുളം: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എം.എൽ.എയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. ഏറെക്കാലമായി പാർക്കിസൺസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച പകൽ ഒരുമണിയോടെയായിരുന്നു മരണം. സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്ന ബാബു എം. പാലിശ്ശേരി 2005 ലാണ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത്. ഡിവൈഎഫ്‌ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായി. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ നേതൃത്വം വഹിച്ച അദ്ദേഹം 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായും തിരഞ്ഞെടുക്കപ്പെട്ടു. കുന്നംകുളം മണ്ഡലത്തിൽ നിന്നും 2006ൽ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തി. 2011 ലും മികച്ച വിജയം സ്വന്തമാക്കി.
കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ പി രാമൻനായരുടേയും എം അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്‌സ്ബാങ്ക് ബ്രാഞ്ച് മാനേജർ. ). മക്കൾ: അശ്വതി (യുകെ), നിഖിൽ ( എൻജിനിയർ). മരുമകൻ : ശ്രീജിത്ത് ( ഒമാൻ). സഹോദരങ്ങൾ : മാധവനുണ്ണി, എം ബാലാജി ( സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.

