കൊച്ചി: വടക്കൻ പറവൂരിൽ മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതു ചെവിയിൽ നായ കടിച്ചതിനെ തുടർന്ന് ഒരു ഭാഗം അറ്റുപോയി.
ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിച്ചേർത്തെങ്കിലും ശസ്ത്രക്രിയ വിജയകരമാണോ എന്ന കാര്യം കുറച്ചുദിവസങ്ങൾക്ക് മാത്രമേ അറിയൂ. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ നിരീക്ഷണത്തിലാണ്. കുട്ടിക്ക് ആന്റി റാബീസ് ടെസ്റ്റ് നടത്തിയിരുന്നു. ആ പരിശോധനാ ഫലം നിലവിൽ നെഗറ്റീവാണ്.
നായയെ തുരത്തിയോടിക്കാൻ മിറാഷ് ശ്രമിച്ചെങ്കിലും വലത്തേ ചെവിയുടെ ഒരുഭാഗം നായ കടിച്ചെടുത്തിരുന്നു. തുടർന്ന് കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അതിനു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

