പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. നിതിനെ വെടിവെച്ച ബിനു സ്വയം വെടി വച്ച് മരിച്ചതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സൂചന നൽകിയിരുന്നു. ബിനു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക് നേരത്തെ ഇയാൾ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ബിനുവിന്റെ വീട്ടിൽ 15 വെടിയുണ്ടകളും കണ്ടെത്തി.
നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലെത്തിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ ബിനു തോക്കുമായി നിതിന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. നിതിൻ കത്തിയെടുത്ത് കുത്താൻ വന്നതോടെ ബിനു വെടിവെച്ചതാണെന്നാണ് സൂചന. യുവാക്കളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം.
കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചെന്ന് മകൻ പറഞ്ഞതായി നിതിന്റെ അമ്മ ഷൈല മൊഴി നൽകി.

