കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. ഭാര്യയ്ക്കും മകൾക്കുമൊപ്പവുമുള്ള പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ റെയ്‌ലയെ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികൾ എംബസി മുഖേനെ സ്വീകരിക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്യുന്ന കാര്യം തീരുമാനമെടുക്കും. കെനിയയിൽനിന്നു പ്രത്യേക വിമാനം എത്തിച്ചായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്.
ശ്രീധരീയത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകൾ റോസ്മേരി ഒഡിങ്കയ്ക്ക് കേരളത്തിൽ നടത്തിയ ആയുർവേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇത്തവണ എത്തിയത് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അടക്കം ഇദ്ദേഹം കേരളത്തിൽ എത്തി നടത്തിയ ചികിത്സ പരാമർശിക്കപ്പെട്ടിരുന്നു. ആറുദിവസം മുൻപാണ് അദ്ദേഹം ചികിത്സയ്ക്കായി എത്തിയത്. നേരത്തെ രണ്ടുതവണ അദ്ദേഹം മകളുടെ ചികിത്സയ്ക്കായി എത്തിയിരുന്നു. ഒഡിങ്കയുടെ നിര്യാണത്തിൽ പിറവം എംഎൽഎ അനൂപ് ജേക്കബ് അനുശോചിച്ചു.

