കോട്ടയം: ഡിജിറ്റൽ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളിൽ നിന്നും അരക്കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗത്ര. പൊലീസ് ഓഫീസറുടെ വേഷത്തിൽ വാട്ട്സ് ആപ്പിൽ വീഡിയോ കോളിൽ വന്നായിരുന്നു തട്ടിപ്പ് നടത്താനുള്ള ശ്രമം. ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധി കടന്ന് സാമ്പത്തിക ഇടപാടുകൾ നടത്തി എന്ന് വിശ്വസിപ്പിക്കുകയും ഇത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റിൽനിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.
ഇതു വിശ്വസിച്ച ദമ്പതികൾ ഇന്നലെ ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിക്കാൻ മാനേജരെ സമീപിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിർദേശം. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്ന് മനസിലായതോടെ ഇവരെ തിരിച്ചയച്ചു. പക്ഷേ, ഇന്ന് വീണ്ടും ബാങ്കിലെത്തിയ ദമ്പതികൾ 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിച്ചപ്പോൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തട്ടിപ്പിൽ നിന്നും രക്ഷിപ്പെടുത്തി. ഈ സമയം ദമ്പതികൾ വെർച്വൽ അറസ്റ്റിൽ തുടരുന്ന നിലയിലായിരുന്നു. പൊലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാർ കോൾ കട്ടാക്കി മുങ്ങി.

