കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിൽ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇവരെക്കൂടാതെ മറ്റ് അഞ്ചു പേരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഒരു കൂട്ടായ്മയ്ക്കിടെയായിരുന്നു ആക്രമണം.
ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽവച്ച് അടുത്ത മാസം നടക്കുന്ന പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം രേഖപ്പെടുത്തി.

