പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പകൾ, 50 ലക്ഷം കടം, വഴിയായി കണ്ടത് കൊലപാതകം

  • Home-FINAL
  • Kerala
  • പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പകൾ, 50 ലക്ഷം കടം, വഴിയായി കണ്ടത് കൊലപാതകം

പൊലീസുകാരനായ ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പകൾ, 50 ലക്ഷം കടം, വഴിയായി കണ്ടത് കൊലപാതകം


പത്തനംതിട്ട: കീഴ്വായ്പൂരിൽ വീട്ടമ്മയായ ലതാകുമാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സുമയ്യയ്ക്കുണ്ടായിരുന്നത് വൻസാമ്പത്തിക പ്രതിസന്ധി. ഓൺലൈൻ വായ്പാ ആപ് ഇടപാടുകളിലും ഓൺലൈൻ ഓഹരി വ്യാപാരത്തിലും ഇവർ സജീവമായിരുന്നു. ഭർത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് എന്നാൽ ഭാര്യയുടെ ഈ സാമ്പത്തിക അച്ചടക്കമില്ലായ്മ അറിഞ്ഞില്ല. ഈ കടം വീട്ടുന്നതിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. സുഹൃത്തു കൂടിയായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നെങ്കിലും അവർ കൊടുത്തില്ല. പിന്നീട് സ്വർണാഭരണങ്ങൾ ചോദിച്ചെങ്കിലും അതും കിട്ടിയില്ല. തുടർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടത്.

മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുമ്പ് പക്ഷാഘാതമുണ്ടായിരുന്നു. ഏഴുമാസം പ്രായമുള്ള ഇളയ കുട്ടിയുമായാണ് സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭർത്താവ് കീഴ്വായ്പൂരിൽ ജനസേവാകേന്ദ്രം നടത്തുന്ന രാമൻകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയെ അടുത്ത മുറിയിൽ കിടത്തിയ ശേഷം ലതയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. തുടർന്ന് രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

ഗുരുതരമായി പരുക്കേറ്റ ലതാകുമാരിയെ ആദ്യം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സുമയ്യയാണ് തീവച്ചതെന്നും തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും ലതാകുമാരി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുമയ്യയെ പൊലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. 11ന് വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും പൊലീസ് നായയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്നുതന്നെ, ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് കണ്ടെത്തി. ലതാകുമാരിയുടെ സ്വർണാഭരണങ്ങൾ പൊലീസ് ക്വാർട്ടേഴ്‌സിലെ ശുചിമുറിയുടെ ഫ്‌ളഷ് ടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു. ലതാകുമാരിയുട സംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപദി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്ഭവനിൽ സുജിത് (യുകെ).

Leave A Comment