കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് പരിക്കേൽക്കാനിടയായ പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ വലിയ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.
തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ
സംഘർഷത്തിനിടെ പൊലീസാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടു. ടിയർ ഗ്യാസിനൊപ്പം പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പ്രകടനത്തിനിടെ പൊലീസിനുനേരെ സ്ഫോടക വസ്തു എറിയുകയും ആക്രമണം നടത്തുകയും ചെയ്ത കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഷാഫി പറമ്പിൽ എംപിയെ ഒന്നാം പ്രതിയാക്കി 700ഓളം പേർക്കെതിരെയും പൊലീസ് കേസെടുത്തു.

