കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ല. പൊറോട്ടയും ബീഫും നൽകിയാണ് പൊലീസ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ചതെന്നും ഈ സർക്കാർ തന്നെയാണ് അയ്യപ്പസംഗമം നടത്തിയത് എന്നുമായിരുന്നു വിവാദ പ്രസംഗം.
കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. പിന്നീട് വി.ഡി.സതീശനും പറഞ്ഞു. ഇവർ രണ്ടുപേരും പറഞ്ഞപ്പോഴുമുണ്ടാകാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്” -എംപി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എംപിയുടെ വിവാദ പ്രസംഗം.

