3-ാമത് ഏഷ്യൻ യൂത്ത് ഗെയിംസ് 2025ന് ഉജ്ജ്വല തുടക്കം. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഇന്നലെ രാത്രി 7 മണിക്കാണ് മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഔദ്യോഗികമായി തിരി തെളിഞ്ഞത്. സാങ്കേതികവിദ്യയും കലയും കോർത്തിണക്കി, ചരിത്രവും പാരമ്പര്യവും വികസനവും ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ബഹ്റൈൻ ഒരുക്കിയത്.ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് , ഉദ്ഘാടന ചടങ്ങ് ഇൻഡോർ ഹാളിൽ സംഘടിപ്പിച്ചത്.

ഏഷ്യൻ ഗെയിംസ് 2025ന്റെ രക്ഷാധികാരിയും,ബഹ്‌റൈൻ രാജാവിന്റെ പ്രതിനിധിയും ജനറൽ അതോറിറ്റി ഫോർ സ്‌പോർട്‌സിന്റെ ചെയർമാനുമായ, ഷേക്ക് നാസർ ബിൻ ഹമദൽ ഖലീഫയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും ചടങ്ങിൽ പങ്കെടുത്തു.

വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി.വർണാഭമായ നിരവധി പ്രദർശനങ്ങളും സാംസ്കാരിക പ്രകടനങ്ങളും നിറഞ്ഞതായിരുന്നു ചടങ്ങ്.പരിപാടിയിൽ പലസ്തീൻ പതാക ഉയർന്നപ്പോൾ ഷേക്ക് നാസർ ബിൻ ഹമദൽ ഖലീഫ,ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ഖലീഫ എന്നിവർ എഴുന്നേറ്റ് നിന്ന് പലസ്തീനോടുള്ള ആദരവ് പ്രകടിപ്പിച്ചു. പലസ്തീനോടുള്ള ബഹ്റൈൻ്റെ ഐക്യവും സൗഹൃദവും പിന്തുണയും എടുത്തു കാണിക്കുന്നത് ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളിൽ നിന്നായി ഏകദേശം 8,000 ത്തോളം പേരാണ് ഗെയിംസിനായി എത്തിയിരിക്കുന്നത്.ബഹ്റൈന്‍ ഭരണാധികാരി, ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ മേല്‍നോട്ടത്തിലാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഈ മാസം 31 വരെ ഉമ്മുൽ ഹസ്സം സ്പോർട്സ് കോംപ്ലക്സ്, ഈസ സ്പോർട്സ് സിറ്റി, എക്സിബിഷൻ വേൾഡ് ബഹറിൻ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്‌റൈൻ നടത്തിയ മുന്നൊരുക്കങ്ങളും മികച്ചതാണ്.

