കോട്ടയം: അവയവ മാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന് മാതൃകയായി കോട്ടയം ഗവ. മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒറ്റ ദിവസം മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവച്ച് ചരിത്രം കുറിച്ചത്. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയാണ് മാറ്റിവെച്ചത്. എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചെന്ന നട്ടവും കോട്ടയം മെഡിക്കൽ കോളേജ് കൈവരിച്ചു.
ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് 11ാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയാണ്. മസ്തിഷ്ക മരണം സംഭവിച്ച എ ആർ അനീഷിന്റെ അവയവങ്ങളായിരുന്നു ദാനം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ അനീഷിന്റെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
50 അംഗ ടീമാണ് മൂന്ന് മേജർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തി.

