തിരുവനന്തപുരം: ശബരിമലയിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കർണാടകയിലെ ബെള്ളാരിയിൽ നിന്ന് പൊലീസ് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി കൈമാറിയ സ്വർണമാണ് ഗോവർധന്റെ ജ്വല്ലറിയിൽനിന്നും പിടിച്ചെടുത്തത്. സ്വർണക്കട്ടികളായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്ന കാര്യത്തിൽ പൊലീസ് വ്യക്തത നൽകിയിട്ടില്ല.
ശബരിമലയിൽനിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപന നടത്തിയ സ്വർണം ബെള്ളാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കും.
സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്പി ശശിധരനോടു സമ്മതിച്ചിരുന്നു. ഇതു വാങ്ങിയെന്നു ഗോവർധനും സമ്മതിച്ചതോടെയാണു തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള നടപടിയായത്.

