തിരുവനന്തപുരം: പിഎം ശ്രീയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കം സി.പി.എം സജീവമാക്കി. മന്ത്രി വി ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച്ച നടത്തി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. പ്രതിഷേധത്തിൽ നിന്നും പിന്മാറാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം. അനുനയത്തിനായി പാർട്ടി വകുപ്പ് മന്ത്രിയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമാണ് മന്ത്രി പറഞ്ഞ്. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. എംഎൻ സ്മാരകത്തിൽ കൂടിക്കാഴ്ച്ചയ്ക്കെത്തിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രി വി ശിവൻകുട്ടി തയ്യാറായിരുന്നില്ല. മന്ത്രി ജി ആർ അനിലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
നിലപാടിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഒപ്പിട്ട ധാരണാപത്രം പിൻവലിക്കണമെന്നാണ് മുതിർന്ന സിപിഐ നേതാവ് പ്രകാശ് ബാബു ഇന്ന് രാവിലെ പ്രതികരിച്ചത്. സിപിഐ മുഖപത്രം ജനയുഗത്തിലും വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ബംഗാളിലെ വീഴ്ച ആവർത്തിക്കരുതെന്നാണ് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്. സിപിഐയുടെ ആശങ്ക സിപിഐഎം പരിഗണിച്ചേ മതിയാകൂവെന്നാണ് മന്ത്രി ചിഞ്ചുറാണിയുടെ വാക്കുകൾ.

