ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

  • Home-FINAL
  • Kerala
  • ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു

ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു


കുമ്പള: കാസർകോട് അനന്തപുരത്തെ വ്യവസായ പാർക്കിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒമ്പതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏതാനുംപേരുടെ നില ഗുരുതരമാണ്. അസം സിംഗ്ലിമാര സ്വദേശി നസീറുൽ അലിയാണ് (19) മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കുമ്പളയിലെ സഹകരണ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ നാലോളം പേരെ മംഗളൂരുവിലെ ആശുപത്രിയിലും രണ്ടുപേരെ കുമ്പള ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വ്യവസായ പാർക്കിലെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് അപകടം. എറണാകുളം സ്വദേശി ഫിറോസ്ഖാന്റെ ഉടമസ്ഥതയിലുള്ള ഡെക്കോർ പാനൽ ഇൻഡസ്ട്രീസിലാണ് പൊട്ടിത്തെറി. ഫാക്ടറിയിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അന്തർസംസ്ഥാന തൊഴിലാളികളാണ്. മുന്നൂറോളം പേർ വിവിധ സമയങ്ങളിലായി ഇവിടെ ജോലിചെയ്യുന്നുണ്ട്. അപകടസമയത്ത് ഇരുപതോളം പേർ ജോലിചെയ്തിരുന്നതായാണ് വിവരം.

Leave A Comment