നെയ്റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ദിയാനിൽ നിന്ന് കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയർന്ന 5വൈ – സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. ദുരന്തം നടന്നയുടനെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളിൽ തീ പടർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാകാമെന്നന്നാണ് അനുമാനം.

