ചെന്നൈ: കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടൻ തന്നെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം പുതിയ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്. അതേ സമയം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ രാജീവ് ചന്ദ്രശേഖറായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ വർഷം തിരക്ക് പരിഗണിച്ച് എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ സർവീസ് സ്ഥിരമാക്കാതെ പിൻവലിക്കുകയായിരുന്നു.

