ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം നിലനിർത്താനും ആശയവിനിമയം വർധിപ്പിക്കാനും ധാരണയായി.സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ ആശയവിനിമയം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. നിലവിലെ അതിർത്തി തർക്കങ്ങൾക്കിടയിലും സഹകരണം നിലനിർത്തുന്നതിൽ ചർച്ച നിർണായകമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളും അതിർത്തി വിഷയത്തിൽ ചർച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശന വേളയിൽ, ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആ സമയത്ത് ചർച്ചകൾ നടന്നിരുന്നു.

