കൊച്ചി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ നടൻ മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും. ഗുരുതരമായി പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റി.
അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു.
ഞായാറാഴ്ച പുലർച്ചയായിരുന്നു സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. പിന്നീട് എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർണ്ണരൂപത്തിലാക്കുകയും ചെയ്തിരുന്നു,

