കൊച്ചി: ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന ചോദ്യവുമായി ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോട് എങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്. നിലയ്ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്.
ബോർഡിന്റെ കണക്കുകളിൽ സുതാര്യത ഉറപ്പാക്കണം. ഇതിന് സമഗ്ര ഡിജിറ്റലൈസേഷൻ വേണം. ടെക്‌നിക്കൽ കമ്മിറ്റി ഉടൻ ചേരണം. സുതാര്യ സോഫ്റ്റ്വെയർ സജ്ജമാക്കി ഒരു മാസത്തിനകം അറിയിക്കണം. ഇക്കാര്യങ്ങൾ നിർദ്ദേശിക്കവേയാണ് ആരുടെ പണമാണ് ലഭിക്കുന്നതെന്ന് കമ്പ്യൂട്ടറൈസേഷന്റെ ചുമതലയുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറോട് ബെഞ്ച് ആരാഞ്ഞത്.

