മുംബൈ: ഇന്ത്യയിൽനിന്നുള്ള ബാങ്കുകളെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാനും ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാനുമായി പുതിയ വെബ് മേൽവിലാസം തുടങ്ങി. ഡോട്ട് ബാങ്ക് ഡോട്ട് ഇൻ (.bank.in) എന്ന് അവസാനിക്കുന്ന വെബ് വിലാസമാകും ഇനിമുതൽ ബാങ്കുകൾക്കുണ്ടാകുക. ബാങ്കുകളുടെ പേരിൽ അക്ഷരങ്ങൾ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കുന്നത് പതിവായപ്പോൾ ഇത് തടയുന്നതിനാണ് ആർബിഐ പുതിയ ഡൊമെയ്ൻ സംവിധാനം നടപ്പാക്കിയത്. നവംബർ ഒന്നിനു മുൻപായി ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.
ഡോട്ട് ബാങ്ക് ഡോട്ട് ഇൻ എന്ന് അവസാനിക്കുന്ന വെബ് വിലാസം നോക്കി ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ യഥാർഥ വെബ്സൈറ്റുകൾ തിരിച്ചറിയാം എന്നതാണ് പ്രത്യേകത. ഈ ഡൊമെയ്ൻ വിലാസം രജിസ്റ്റർചെയ്ത ബാങ്കുകൾക്കുമാത്രമേ അനുവദിക്കൂ. നേരത്തെ ഉപയോഗിച്ചിരുന്ന വെബ് വിലാസം നൽകിയാൽ പുതിയ വിലാസത്തിലേക്കു മാറുകയാണെന്ന സന്ദേശം ലഭിച്ചശേഷം ആ വിലാസത്തിലേക്ക് മാറും.
ഇതേ രീതിയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) മാറും. ഇതിനു സമയക്രമമായിട്ടില്ല. എൻബിഎഫ്സികൾക്ക് ഡോട്ട് ഫിൻ ഡോട്ട് ഇൻ (.fin.in) എന്ന രീതിയിലവസാനിക്കുന്ന വെബ് വിലാസമാണ് നിർദേശിച്ചിട്ടുള്ളത്. ഐഡിആർബിടി എന്ന സ്ഥാപനത്തിനാണ് ഈ വിലാസങ്ങളുടെ ചുമതല. ഇവിടെനിന്നുള്ള അനുമതിക്കുശേഷമേ ഈ ഡൊമെയ്നുകൾ ലഭിക്കൂ.

