വാഷിംഗ്ടൺ: ഭാര്യ ഒരുദിവസം ക്രിസ്ത്യൻ മതം സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന പരാമർശം വിവാദമായതിനു പിന്നാലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ തിരുത്ത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ഭാര്യ ഉഷ. അവർ ഒരു ക്രിസ്ത്യൻ മതവിശ്വാസിയല്ല. മതം മാറാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ജെ ഡി വാൻസ് പറഞ്ഞു. വർഷങ്ങൾക്കു മുൻപ് തന്നെ വിശ്വാസത്തിലേക്ക് തിരികെ വരാൻ പ്രോത്സാഹിപ്പിച്ചതുപോലും തന്റെ ഭാര്യയാണെന്നും തുടർന്നും അവരെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പോസ്റ്റിലൂടെയായിരുന്നു യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം.
‘ക്രിസ്തുമത വിശ്വാസിയായ എന്റെ വിശ്വാസം സുവിശേഷം സത്യമാണെന്നും അത് മനുഷ്യർക്ക് നല്ലതാണ് എന്നുമാണ്. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന പരിപാടിയിൽ പറഞ്ഞതുപോലെ എന്റെ ഭാര്യ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. വർഷങ്ങൾക്കു മുൻപ് വിശ്വാസത്തിലേക്ക് തിരികെ വരാൻ എന്നെ പ്രോത്സാഹിപ്പിച്ചതുപോലും അവളാണ്. അവൾ ക്രിസ്തുമത വിശ്വാസിയല്ല. മതപരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷെ മിശ്രവിവാഹ ബന്ധത്തിലുളള ഏതൊരാളെയും പോലെ ഒരുദിവസം അവൾ കാര്യങ്ങൾ ഞാൻ കാണുന്നതുപോലെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തായാലും ഞാൻ അവളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. വിശ്വാസത്തെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും അവളോട് ഞാൻ സംസാരിക്കും. കാരണം അവൾ എന്റെ ഭാര്യയാണെന്നും ജെ ഡി വാൻസ് പറഞ്ഞു.

