കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ബാംഗ് സങ് തായ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതിഭ പാഠശാലയുടെ മനാമ, റിഫ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ ഉൾക്കൊള്ളുന്നതായിരുന്നു .

ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതവും പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ഔപചാരിക ചടങ്ങിന്റെ ഉദ്ഘാടനം ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ നിർവഹിച്ചു.ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ, പ്രതിഭ പാഠശാല പ്രധാന അദ്ധ്യാപകൻ സുരേന്ദ്രൻ വി കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും പ്രോഗ്രാം കൺവീനർ ഹൃദ്യ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
തുടക്ക ക്ലാസ്സിലേക്കായി പ്രതിഭ പാഠശാല ഒരുക്കിയ ‘തുമ്പ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക ചടങ്ങിൽ നടന്നു .ദേശീയ ഗാനത്തോട് കൂടി കേരളപ്പിറവി ദിന ആഘോഷ പരിപാടിക്ക് പരിസമാപ്തി കുറിച്ചു. പ്രതിഭ പാഠശാല വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച ഭാഷാ പ്രതിജ്ഞ, സ്കിറ്റ്, മൈയിം,സോങ്സ്,ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസ്സിക്കൽ ഡാൻസ്, ഫോക് ഡാൻസ് തുടങ്ങി വിവിധങ്ങാളായ ഡാൻസ് പ്രോഗ്രാമുകളും പരിപാടിയിൽ അരങ്ങേറി.

