തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ 19കാരിയുടെ ആരോഗ്യനില വെളിപ്പെടുത്തി അമ്മ. തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയാണ് (19) ചികിത്സയിൽ കഴിയുന്നത്. കണ്ണുകൾ പാതിയടഞ്ഞ്, ശരീരം തണുത്ത നിലയിൽ തന്റെ മകൾ അവിടെ കിടക്കുകയാണെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ‘ഞാനൊരു അമ്മയാണ്. നിങ്ങൾ പോയി കണ്ടാൽ നിങ്ങൾ അത് മനസിലാകും. എന്റെ കുട്ടി പാതി കണ്ണ് അടച്ച്, ശരീരം തണുത്ത നിലയിൽ അവിടെ കിടക്കുകയാണ്. ഞാൻ വളരെ കഷ്ടപ്പെട്ടാണ് അവളെ വളർത്തിയത്. എന്റെ മോൾ തെറ്റ് കണ്ടാൽ പ്രതികരിക്കും. പ്രതി കാണിച്ച തോന്ന്യവാസം അവൾ ചോദ്യം ചെയ്തു കാണും. മകൾക്ക് നല്ല ചികിത്സയാണ് വേണ്ടത്’- അമ്മ പറഞ്ഞു. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. തലക്കും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം, പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. കോട്ടയത്ത് നിന്നാണ് സുരേഷ് കുമാർ കേരളാ എക്സ്പ്രസിൽ കയറിയത്. പരിക്കേറ്റ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും കയറിയത് ആലുവയിൽ നിന്നാണ്. പെയിന്റ് തൊഴിലാളിയാണ്. ഇയാൾ മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. അപമര്യാദയായി പെരുമാറിയതായി മറ്റു യാത്രക്കാർ പറയുന്നു.
ഇന്നലെ രാത്രി 8.30ന് വർക്കല സ്റ്റോപ്പിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ശ്രീക്കുട്ടിയും സുഹൃത്തായ യുവതിയും ടോയ്ലെറ്റിലേക്ക് പോയി. ശ്രീക്കുട്ടിയെ വാതിലിന് സമീപം നിറുത്തി യുവതി ടോയ്ലെറ്റിൽ കയറി. ഇവർ പുറത്തിറങ്ങിയപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി ശ്രീക്കുട്ടിയെ മുതുകിൽ ചവിട്ടി തള്ളിയിട്ടു. ഒച്ചയിട്ട സുഹൃത്തിനെയും പുറത്തേക്ക് തള്ളിയിടാൻ നോക്കിയെങ്കിലും യുവതി കമ്പിയിൽ പിടിച്ച് തൂങ്ങികിടന്നു. മറ്റു യാത്രക്കാർ ഓടി എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. വാതിലിന് സമീപം ശ്രീക്കുട്ടി നിന്നത് ഇഷ്ടപ്പെടാത്തതാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. വാതിലിൽ നിന്നും മാറാത്തതിനാൽ തള്ളിയിട്ടു എന്നാണ് പ്രതിയുടെ വാദം.
യാത്രക്കാർ തന്നെ പ്രതിയെ കീഴ്പ്പെടുത്തി കൊച്ചുവേളിയിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം കുറ്റിക്കാട്ടിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഈ സമയം കൊല്ലം ഭാഗത്തേക്ക് പോയ മെമുവിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു.

