തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. രേഖകളില്‍ തിരുത്തല്‍ വരുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വാസുവിന് മറുപടിയില്ലായിരുന്നു. ഇന്ന് ഇഞ്ചക്കലിലെ ഓഫീസില്‍ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

