പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. ദ്വാരപാലക കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ഇവര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികള്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനുട്‌സില്‍ എഴുതിയത്. ജയശ്രീയും ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്. തിരുവല്ല സ്വദേശിനിയായ ഇവര്‍ നിലവില്‍ കാക്കനാടാണ് താമസിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അറസ്റ്റിലായ എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവില്‍ ദേവസ്വം വിജിലന്‍സ് തിരു. സോണ്‍ ഓഫീസറാണ് ശ്യാം പ്രകാശ്. സ്വര്‍ണക്കൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥന്‍ തന്റെ ഓഫീസില്‍ ഉണ്ടെന്ന് വിജിലന്‍സ് എസ്പി തിരിച്ചറിഞ്ഞത്.

