ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗം നിരോധിച്ച് അധികൃതർ. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് ഡൽഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അടിയന്തര സ്വഭാവമില്ലാത്ത ഡീസൽ ചരക്ക് വാഹനങ്ങൾക്കും സിഎൻജിയിൽ പ്രവർത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നാണ് റിപ്പോർട്ട്. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകുന്നുണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റാണ് ഈ നിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്.
വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരിൽ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ നൽകിയിട്ടുള്ള മുന്നറിയിപ്പ്. വായു ഗുണനിലവാരം 400 സൂചികയിൽ താഴെയാകുകയും, ഈ നില തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഈ വിലക്കുകൾ നീക്കുകയെന്നും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.

