ലഖ്നൗ: നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരായ രണ്ട് ഡോക്ടർമാർ സുരക്ഷാസേനയുടെ പിടിയിലായി. ഡോ. ഹസ്സൻ അമ്മാൻ സലീം (35), ഡോ. സുമിത്ര ഷക്കീൽ ഒലീവിയ എന്നിവരെയാണ് ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപായിദേഹാ അതിർത്തിയിൽനിന്ന് സശസ്ത്ര സീമാബൽ പിടികൂടിയത്. പാകിസ്താനിയായ മുഹമ്മദ് സലീമിന്റെ മകനാണ് ഹസ്സൻ. നിലവിലെ ഇയാളുടെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ജോൺ ഫ്രെഡറിക്കിന്റെ മകളായ സുമിത്ര, കർണാടകയിലെ ഉഡുപ്പിയിൽനിന്നുള്ളയാണ്. നിലവിൽ ഇവരുടെ വിലാസം യുകെയിലെ ഗ്ലൗസെസ്റ്ററാണ്. പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ സശസ്ത്ര സീമാബൽ, ഇരുവരെയും ഉത്തർ പ്രദേശ് പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാസേന പരിശോധന ശക്തമാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇരുവരും പിടിയിലായത്. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് കടക്കവേ, പരിശോധനകൾക്കായി ഇവരെ തടയുകയായിരുന്നു. ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്ന് കണ്ടെത്തി. ഇന്ത്യയിലേക്ക് കടക്കാൻ മതിയായ കാരണങ്ങളൊന്നും ഇവർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ലെന്നും സശസ്ത്ര സീമാബൽ 42-ാം ബറ്റാലിയൻ കമാൻഡന്റ് ഗംഗാ സിങ് ഉദാവത് പറഞ്ഞു. ഇരുവരെയും രൂപായിദെഹാ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

