ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാഹ് സര്‍വകലാശാലയ്ക്കെതിരെ രണ്ട് കേസ് റജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ് എന്നിവയ്ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. യുജിസി, നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. നാക് അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞിട്ടും എ ഗ്രേഡ് അക്രഡിറ്റേഷന് ഉണ്ടെന്ന് വെബ്സൈറ്റില്‍ ചേര്‍ത്തിരുന്നു. ഈ കാരണം കൊണ്ട് അല്‍ ഫലാഹിന് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ യുജിസിയും ക്രമക്കേടുകള്‍ കണ്ടെത്തി.
ഭീകരസംഘാംഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന കണ്ടെത്തലുകള്‍ക്കു പിന്നാലെ അല്‍ ഫലാഹിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. എട്ടിലേറെ സ്ഥാപനങ്ങളില്‍ നിന്നു പ്രഫസര്‍മാര്‍ രാജിവച്ചെന്നാണു വിവരം.
സ്ഥാപനത്തിലെ ഇരുപതിലേറെ ഡോക്ടര്‍മാര്‍ പൊലീസ് നിരീക്ഷണത്തിലാണ്. യുജിസി, നാക്, എന്‍എംസി എന്നിവയെല്ലാം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്യാംപസില്‍ ക്ലാസ് നടക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും മക്കളെ തിരികെ വിളിച്ചെവെന്നാണു വിവരം. ഇവിടെ എംബിബിഎസിനു പ്രതിവര്‍ഷം 16 ലക്ഷത്തിലേറെ രൂപയാണു ഫീസ്. ഭാവി പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്.

